സ്ലീപ് പരാലിസിസ്(Sleep Paralysis)



അന്ന് കുറച്ചു വൈകി ആണ് ഞാൻ ഉറങ്ങിയത്. ഞാൻ ഒറ്റയ്ക് ആണ് കിടക്കുന്നത്.പെട്ടന്ന് ഒരു തോന്നൽ, വീട്ടിൽ കള്ളൻ കയറാൻ പോകുന്നു.കാത് കൂർപ്പിച്ചപ്പോൾ തോന്നൽ ശരിയാണ്,വീട്ടിൽ ഒരു  കള്ളൻ കയറാൻ ശ്രമിക്കുന്നുണ്ട്.കള്ളൻ വാതിൽ തകർക്കാൻ വേണ്ടി വാതിലിൽ എന്തോ കൊണ്ട് ശക്തിയായി അടിക്കുന്നുണ്ട്. ആ ശബ്ദം എനിക്ക് നന്നായി കേൾക്കാം.അമ്മയും അനിയനും അലറി വിളിക്കുന്നു.ശബ്ദം കേട്ട ഉടൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ തുറക്കാനോ കട്ടിലിൽനിന്നു എഴുന്നേൽക്കാനോ കഴിയുന്നില്ല.സർവ ശക്തിയും എടുത്ത് എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചിട്ടും കഴിയുന്നില്ല.നെഞ്ചത്ത് എന്തോ കനത്ത ഭാരം ഉണ്ട് അത് എഴുന്നേൽക്കാൻ ശ്രമിക്കുന്ന എന്നെ വീണ്ടും കട്ടിൽ തന്നെ പിടിച്ചു കിടത്തുകയാണ്. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട്. കള്ളൻ ഉണ്ടാക്കുന്ന ശബ്ദവും അമ്മയുടെയും അനിയന്റെയും കരച്ചിലും എല്ലാം കൂടി കൂടി വരുന്നു.എത്ര ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ പോയിട്ട് കണ്ണ് തുറക്കാൻപോലും കഴിയുന്നില്ല.എല്ലാം അവസാനിക്കാൻ പോവുന്നു എന്ന ഭയം കൂടിവരുന്നു.ചെറിയ ശ്വാസംമുട്ടലും അനുഭവപ്പെടാൻ തുടങ്ങി. എന്നാലും എഴുന്നേൽക്കാനുള്ള ശ്രമം നിർത്തിയിട്ടില്ല.അങ്ങനെ കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം വളരെ ബുദ്ധിമുട്ടി ഒടുവിൽ ഞാൻ എന്റെ കണ്ണ് തുറന്നു.കണ്ണ് തുറന്ന എനിക്ക് ഉണ്ടായത് അമ്പരപ്പിക്കുന്ന ഒരു അനുഭവം ആണ് .വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിന്റെയും പുറത്തു കരയുന്ന ചീവീഡിന്റെ ശബ്ദവും അല്ലാതെ കള്ളന്റെയോ അമ്മയുടേയോ ശബ്ദം ഒന്നും എന്റെ ചുറ്റും ഇല്ല.ആകെ മാറ്റമില്ലാതെ തുടരുന്നത് പതിവിലും വേഗത്തിൽ ഉള്ള നെഞ്ചിടിപ്പ് മാത്രം.ബാക്കി എല്ലാം ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എങ്ങനെ ആണോ അതേപോലെ തന്നെ.

എന്താണ് എനിക്ക് സംഭവിച്ചത്?. എനിക്ക് ഉണ്ടായത് സ്വപ്നം അതോ യാഥാർഥ്യം ആണോ എന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതെന്താ ഇങ്ങനെ എന്ന് ഓർത്ത് കുറെ നേരം ഭയന്ന് കിടന്നു.വീണ്ടും ഉറങ്ങാൻ ഭയം സമ്മതിക്കുന്നുമില്ല.പിന്നെ ഒട്ടും വൈകി ഇല്ല, അടുത്ത് ഇരുന്ന ഫോൺ എടുത്ത് ഗൂഗിൾനോട് കാര്യം തിരക്കി എന്താ എനിക്ക് ഇങ്ങനെ സംഭവിച്ചത്.അപ്പോഴാണ് സ്ലീപ് പരാലിസിസ് അഥവാ ഉറക്ക തളർച്ചയെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്.

ഗൂഗിളിൽ നിന്നും കിട്ടിയ ഒരു കുറിപ്പ് വായിച്ചതിനു ശേഷം ആണ് ഞാൻ ഒരു യാഥാർഥ്യം മനസിലാക്കുന്നത് ഇത് എന്റെ മാത്രം അനുഭവം അല്ല ഈ ലോകത്തിൽ ഉള്ള 40% ആൾക്കാർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടത്രേ. ഈ വസ്തുത അറിഞ്ഞതിനു ശേഷം എനിക്ക് പകുതി ആശ്വാസം ആയി. നാളെ നിങ്ങൾക്കും ഇതേപോലെ ഒരു അവസ്ഥ ഉണ്ടാവാം.പക്ഷെ എനിക്ക് ഉണ്ടായ അതെ സാഹചര്യങ്ങളും അനുഭവങ്ങളും ആവണം നിങ്ങളുടേതും എന്നില്ല. പലരുടെയും അനുഭവങ്ങൾ വ്യത്യസ്ഥം ആണ്. ചിലർക്ക് അവരുടെ നെഞ്ചത്തിരുന്നു ഒരു വികൃതമായ നല്ല ഭാരമുള്ള ഒരു രൂപം നമ്മളെ തന്നെ തുറിച്ചു നോക്കുന്നതായി തോന്നാം മറ്റു ചിലർക്ക് അവരുടെ തൊട്ടടുത്തായി ഒരാൾ കിടന്നുകൊണ്ടു  ചെവിയിൽ മൂളുന്നത്ത് പോലെയോ അല്ലെങ്കിൽ ആരോ നടക്കുന്നതുപോലെയോ തോന്നാം.നെഞ്ചത്തു ഭാരം അനുഭവപ്പെടും ശ്വാസമുട്ടൽ ഉണ്ടാവാം.ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടാവാൻ പോകുന്നത് ഇതിലും വ്യത്യസ്തമായതും ഭയപ്പെടുത്തുന്നതുമായ ഒരു അനുഭവം ആവാം. ഇതിലെ ഏറ്റവും ഭയാനകമായ വസ്തുത എന്തെന്നാൽ നമ്മുടെ ശരീരം ഒരു അല്പം പോലും ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ്.         

എന്തുകൊണ്ടാവാം പലർക്കും ഇങ്ങനെ വ്യത്യസ്ഥമായ ഒരു അനുഭവം ഉണ്ടാവുന്നത്? കാരണങ്ങൾ പലതാണ്. വളരെ വൈകിയും കൃത്യനിഷ്ഠ ഇല്ലാത്തതുമായ ഉറക്ക സമയവും. പല ഷിഫ്റ്റുകൾ ആയി ജോലി ചെയ്യുന്ന പലരും അനുഭവിക്കുന്ന ഒരു സ്ഥിരം പ്രശ്നമാണിത്. മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നവരുടെ ഉറക്കത്തിനും ഈ പ്രവണത കണ്ടുവരുന്നു. ചില മരുന്നുകളുടെ പാർശ്വഫലമായും ഇതിനെ കണ്ടു വരുന്നു.

ഈ ഒരു അവസ്ഥയെ നമ്മൾ പേടിക്കേണ്ടതില്ല. ശരീരം ഉണരാതെ തലച്ചോർ മാത്രം ഉണരുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് സ്വാഭാവികമായി പലരിലും കണ്ടുവരുന്നതാണ്.അടുത്ത തവണ നിങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമ്പോൾ പേടിക്കാതെ അതിനെ  ലുസിഡ് ഡ്രീം (Lucid Dream) എന്ന ഒരു അവസ്ഥ ആക്കി മാറ്റിയാൽ നമ്മൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അതെല്ലാം നമ്മൾക്ക് കാണാനും ഫീൽ ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ആസ്വാദ്യകരമായ വശം. പക്ഷെ ഇടയ്ക്കിടെ ഇങ്ങനെ സ്ലീപ് പരാലിസിസ് എന്ന അവസ്ഥ ഉണ്ടാകുന്നവർക്ക് മാത്രമേ അങ്ങനെ ഒരു സ്റ്റേജിലേക്ക് പോകാൻ കഴിയു. അല്ലാത്ത പക്ഷം പേടി കാരണം എങ്ങനെ എങ്കിലും ഇതിൽ നിന്നും പുറത്തു വന്നാൽ മതി എന്ന ഒരു തോന്നൽ മാത്രം ആയിരിക്കും ഉണ്ടാവുക. എന്തായാലും എന്നെങ്കിലും നിങ്ങൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ പേടിക്കാതെ അതിനെ നേരിടുക. നിങ്ങൾക്ക് ആ അവസ്ഥയിൽ നിന്നും പുറത്തു വരാൻ സാധിക്കും ഉറപ്പ്.


Comments

Post a Comment